District News
മാന്നാർ : പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തിയ രാഹുൽ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്യുകയും മർദി ക്കുകയും ചെയ്തതിൽ പ്രതിഷേധിച്ച് പരുമല മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പോസ്റ്റ് ഓഫീസ് മാർച്ച് നടത്തി. ഡിസിസി ജനറൽ സെക്രട്ടറി റോബിൻ പരുമല മാർച്ച് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് മോഹനൻ ചാമക്കാല അധ്യക്ഷത വഹിച്ചു. കടപ്ര ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശിവദാസ് യു. പണിക്കർ, അംഗം ജോസ് പ്രകാശ്, നിഷ അശോകൻ, രാജീവ് കുമാർ, എം.സി. ആന്റണി, ബിബിൻ പി. വർഗീസ്, ജെന്നി പി. ജോൺ, കെ.ജി. ഗോപാലകൃഷ്ണൻ നായർ, ബാബു മണിപ്പുഴ, കെ.എം. ബേബി കുട്ടി, സണ്ണി പരുമല, ടി.വി. ഫിലിപ്പോസ്, ജയശ്രീ വിജയൻ, ടി .കുട്ടപ്പൻ, കുരുവിള വർഗീസ്, ബാബു ചക്കാലമലയിൽ, തമ്പി ഉപദേശിക്കടവ് തുടങ്ങിയവർ പ്രസംഗിച്ചു.
District News
കോട്ടയം: രാജ്യത്തെ വിദ്യാര്ഥി പ്രക്ഷോഭങ്ങള്ക്ക് ഐക്യദാര്ഢ്യം പ്രഖ്യാപിച്ചും രാഹുല് ഗാന്ധി ഉള്പ്പെടെയുള്ള ദേശീയ നേതാക്കള്ക്കെതിരായ പോലീസ് നടപടിയില് പ്രതിഷേധിച്ചും കെഎസ് യുവിന്റെ മിന്നല് പ്രതിഷേധം. ഉച്ചയ്ക്ക് 12ന് ജില്ലാ പ്രസിഡന്റ് കെ.എന്. നൈസാം, സംസ്ഥാന ജനറല് സെക്രട്ടറി സെബാസ്റ്റ്യന് ജോയ് എന്നിവരുടെ നേതൃത്വത്തില് എത്തിയ പ്രവര്ത്തകര് ഹെഡ് പോസ്റ്റ് ഓഫീസിനുള്ളില് കയറി കുത്തിയിരുന്നു പ്രതിഷേധിച്ചു.
തുടര്ന്ന് വാതില് പൂട്ടി കൊടികുത്തിയ പ്രവര്ത്തകര് ഹെഡ്പോസ്റ്റ് ഓഫീസ് ഉപരോധിച്ചു. ജീവനക്കാരും ഇടപാടുകാരും പൂട്ടിയിട്ട പോസ്റ്റ് ഓഫീസിനുള്ളില് അകപ്പെട്ടതോടെ പോലീസ് ഇടപെട്ട് പോസ്റ്റ് ഓഫീസ് തുറക്കാന് ശ്രമിച്ചെങ്കിലും പ്രവര്ത്തകര് പ്രതിരോധിച്ചു. തുടര്ന്ന് പോലീസ് പ്രവര്ത്തകരെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.
ജില്ലാ ഭാരവാഹികളായ അമീന് നജീബ്, ജൈജിന് കെ. ജോജി, കെ.എസ്. അമീര് തുടങ്ങിയ പ്രവര്ത്തകരെ അറസ്റ്റ് ചെയ്തു വെസ്റ്റ് പോലീസ് സ്റ്റേഷനിലേക്കു മാറ്റി. പിന്നാലെ സ്റ്റേഷനില് എത്തിയ കോണ്ഗ്രസ്, യൂത്ത് കോണ്ഗ്രസ് നേതാക്കന്മാരുടെ ആവശ്യപ്രകാരം കെഎസ്യു പ്രവര്ത്തകരെ ജാമ്യത്തില് വിട്ടു.
ഡിസിസി ജനറല് സെക്രട്ടറി ജോബിന് ജേക്കബ്, യൂത്ത് കോണ്ഗ്രസ് സംസ്ഥാന ജനറല് സെക്രട്ടറി ജോര്ജ് പയസ്, റിച്ചി സാം ലൂക്കോസ്, സക്കീര് ചെങ്ങമ്പള്ളി, അലന് പീറ്റര്, ബിന്റോ ജോസഫ്, ദിയാന്, ജയിംസ് ജോസഫ്, ബിലാല് തുടങ്ങിയവര് നേതൃത്വം നല്കി.
District News
നെടുങ്കണ്ടം: ഒരു സുപ്രഭാതത്തിൽ പുഷ്പകണ്ടത്തെ പോസ്റ്റ് ഓഫീസ് അധികാരികൾ ആനക്കല്ലിലേയ്ക്ക് പറിച്ചുനട്ടപ്പോൾ പോസ്റ്റ് ഓഫീസ് നഷ്ടമാകാതിരിക്കാൻ പുഷ്പകണ്ടം നിവാസികൾ അധികാരികൾക്ക് ആദ്യം കത്തെഴുതി. എന്നാൽ, പോസ്റ്റ് ഓഫീസ് കെട്ടിടം ശോചനീയാവസ്ഥയിലാണെന്നും ഇടപാടുകൾ കുറവാണെന്നും പറഞ്ഞ് അധികൃതർ കൈകഴുകിയപ്പോൾ രണ്ടും കൽപ്പിച്ച് പുതിയ കെട്ടിടം നിർമിക്കാൻ നാട്ടുകാർ കൈകോർത്തു.
പുഷ്പകണ്ടത്ത് പ്രവർത്തിച്ചിരുന്ന പോസ്റ്റ് ഓഫീസ് ആനക്കല്ലിലേക്ക് മാറ്റാനാണ് അധികൃതർ തീരുമാനിച്ചിരുന്നത്. നാട്ടുകാരുടെ പ്രതിഷേധം വകവയ്ക്കാതെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്ന കഴിഞ്ഞ ഡിസംബർ 13 നായിരുന്നു അപ്രതീക്ഷിത നീക്കം. ഇതിനു പിന്നാലെ വ്യാപക പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. പിന്നീട് പോസ്റ്റോഫീസ് പുനരുദ്ധാരണ സമിതി രൂപീകരിച്ചു.
പോസ്റ്റ് ഓഫീസ് തിരികെ നൽകണമെങ്കിൽ കെട്ടിടം പുനർനിർമിക്കണമെന്നായിരുന്നു വകുപ്പ് അധികൃതരുടെ നിബന്ധന. നാടൊരുമിച്ചപ്പോൾ ഒന്നരലക്ഷത്തോളം രൂപ സമാഹരിക്കാനായി. ഇതുപയോഗിച്ച് കെട്ടിടം പുനർനിർമിച്ചു.
മേൽക്കൂരയുൾപ്പെടെ പൂർണമായും പുതുക്കിപ്പണിതു. ഇതോടെ ആനക്കല്ലിൽനിന്നു പുഷ്പകണ്ടത്തേക്ക് പോസ്റ്റ് ഓഫീസ് തിരികെയെത്തി. സ്വപ്നം സഫലമായെങ്കിലും നിർമാണത്തിനു വേണ്ടിവന്ന അരലക്ഷത്തോളം രൂപയുടെ ബാധ്യതയിലാണ് നിർമാണ പ്രവർത്തനത്തിന് ചുക്കാൻപിടിച്ചവർ.
സ്വകാര്യ വ്യക്തി സൗജന്യമായി വിട്ടുനൽകിയ ഭൂമിയിലാണ് കെട്ടിടം സ്ഥിതിചെയ്യുന്നത്. ഭൂമി പഞ്ചായത്തിലേക്ക് എഴുതി മാറുന്നതിനും ബാക്കി തുക കണ്ടെത്തുന്നതിനും നാട്ടുകാരിൽനിന്നു പണം സ്വരൂപിക്കാനാണ് ശ്രമം.
Kerala
കോട്ടയം: വൈക്കത്ത് പോസ്റ്റ് ഓഫീസുകളിൽ അജ്ഞാതന്റെ ബോംബ് ഭീഷണി. പിന്നാലെ ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും പരിശോധന നടത്തിയെങ്കിലും കാര്യമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.
ബോംബ് ഭീഷണിയെ തുടർന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരൻ പങ്കെടുക്കുന്ന പരിപാടിയുടെ വേദിയിലും പോലീസ് പരിശോധന നടത്തി.
വൈക്കം ഹെഡ് പോസ്റ്റ് ഓഫീസിന് സമീപത്തായിരുന്ന ബിജെപി അധ്യക്ഷനുംനേതാക്കളും പങ്കെടുക്കുന്ന സമ്മേളനം സംഘടിപ്പിച്ചിരുന്നത്. അജ്ഞാത ഭീഷണിയെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
കൊച്ചി: കുഞ്ഞുങ്ങൾക്ക് തപാൽ ഓഫീസിൽ എന്തുകാര്യമെന്ന് ഇനിയാരും ചോദിക്കരുത്. എഴുത്തെഴുതാനും അത് കവറിലിടാനും സ്റ്റാമ്പു വാങ്ങി ഒട്ടിക്കാനും അയക്കാനുമെല്ലാം അവർ പഠിച്ചു കഴിഞ്ഞു.
സാമൂഹ്യ മാധ്യമങ്ങൾ അരങ്ങുവാഴുന്ന ഇക്കാലത്തും തലയോലപ്പറമ്പ് സെന്റ് ജോർജ് സ്കൂളിലെ കുഞ്ഞുങ്ങൾ എല്ലാവരും ഇന്ന് തലയോലപ്പറമ്പ് പോസ്റ്റ് ഓഫീസിൽ എത്തിയത് തങ്ങൾ സ്വയം പെയിന്റ് ചെയ്ത് തയാറാക്കിയ ക്രിസ്മസ് കത്തുകളുമായി.
വരിവരിയായി നിന്ന് അഞ്ചു രൂപയുടെ സ്റ്റാമ്പ് പോസ്റ്റ് മാസ്റ്ററോടു ചോദിച്ചു വാങ്ങി കവറിൽ പശയെടുത്തൊട്ടിച്ച് തങ്ങളുടെ കത്തുകൾ തപാൽ പെട്ടിയിൽ അവർ ഇട്ടു.
തലയോലപ്പറമ്പ് പോസ്റ്റ് മാസ്റ്റർ ദിവ്യയുടെ നേതൃത്വത്തിൽ ജീവനക്കാർ കുട്ടികളെയും അധ്യാപകരെയും സ്വീകരിച്ചു. സ്വന്തം മാതാപിതാക്കൾക്കായാണ് സെന്റ് ജോർജ് സ്കൂളിലെ നഴ്സറി മുതൽ രണ്ടാം ക്ലാസ് വരെ പഠിക്കുന്ന 180 കുട്ടികൾ, പ്രായോഗിക പരിശീലനത്തിന്റെ ഭാഗമായി ആശംസാ കാർഡുകൾ സ്വയം തയാറാക്കിയതും അയക്കുന്നതും.
സ്കൂൾ മാനേജർ ഫാ. ബെന്നി ജോൺ മാരാംപറമ്പിൽ, അസി. മാനേജർ ഫാദർ ആൽജോ കളപുരക്കൽ, കിന്റർഗാർട്ടൻ സൂപ്പർവൈസർ സിസ്റ്റർ ഡയസ് ഫ്രാൻസിസ്, ഹെഡ് മിസ്ട്രെസ് ആഷാ ജോസഫ് എന്നിവർ നേതൃത്വം നൽകി.
District News
ആലുവ: ടൗൺ ബസ്റ്റാൻഡ് പോസ്റ്റ് ഓഫീസും ആലുവ അശോകപുരം പോസ്റ്റ് ഓഫീസും നിർത്തലാക്കാനുള്ള തപാൽ വകുപ്പിന്റെ നീക്കം പിൻവലിക്കണമെന്ന് ബെന്നി ബഹനാൻ എംപി ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര വാർത്താ വിനിമയ വകുപ്പ് മന്ത്രി ജ്യോതിരാതിദ്യ സിന്ധ്യക്ക് കത്ത് നൽകിയതായും അദ്ദേഹം വ്യക്തമാക്കി.
പോസ്റ്റ് ഓഫീസ് അടച്ചുപൂട്ടലിനെതിരെ ഉപരോധസമരം
ആലുവ: ആലുവ ടൗൺ ബസ് സ്റ്റാൻഡ് പോസ്റ്റ് ഓഫീസ് നിർത്തലാക്കാനുള്ള തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആലുവ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഹെഡ് പോസ്റ്റ് ഓഫീസിൽ മുന്നിൽ ഉപരോധ സമരം നടത്തി. അൻവർ സാദത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡന്റ് പി.എ. മുജീബ് അധ്യക്ഷത വഹിച്ചു. പോസ്റ്റ് ഓഫീസുകൾ പൂട്ടാനുള്ളനീക്കത്തിൽനിന്നു തപാൽ വകുപ്പ് പിന്മാറണമെന്ന് സീനിയർ സൂപ്രണ്ട് ജെസി ജോർജുമായുള്ള ചർച്ചയിൽ അൻവർ സാദത്ത് എംഎൽഎ ആവശ്യപ്പെട്ടു.
അശോകപുരം പോസ്റ്റ് ഓഫീസ് അടയ്ക്കുന്നില്ലെന്ന്
ആലുവ: ആലുവ - മൂന്നാർ റോഡിൽ അശോകപുരം പോസ്റ്റ് ഓഫീസ് അടച്ചുപൂട്ടാൻ നിർദേശം ഇല്ലെന്നും ഡിപാർട്ട്മെന്റൽ പണമിടപാടുകളിൽ ക്രമീകരണം ഏർപ്പെടുത്തുക മാത്രമാണെന്നും പോസ്റ്റ് ഓഫീസ് അധികൃതർ അറിയിച്ചു. എന്നാൽ ആലുവ ടൗൺ ബസ് സ്റ്റാൻഡ് പോസ്റ്റ് ഓഫീസ് പ്രവർത്തനം അവസാനിപിക്കാൻ നിർദ്ദേശം ഉണ്ടെന്നും അറിയിച്ചു.
Kerala
എസ്.ആർ. സുധീർ കുമാർ
കൊല്ലം: തപാൽ വകുപ്പിനെ ലാഭത്തിലാക്കാൻ സ്വന്തമായുള്ള കെട്ടിടങ്ങളിൽ ആവശ്യം കഴിഞ്ഞുള്ള ഭാഗങ്ങൾ പാട്ടത്തിനു നൽകാൻ തീരുമാനം. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വകുപ്പിനെ പൂർണമായും ലാഭത്തിലാക്കുന്ന കർമ പദ്ധതിക്ക് കേന്ദ്ര സർക്കാർ രൂപം നൽകി.
സാമ്പത്തിക സുസ്ഥിരതക്കായി സ്വന്തം ഭൂമികളിൽ നിന്ന് ധനസമ്പാദനത്തിനാണ് പദ്ധതിയിൽ പ്രധാനമായും ഊന്നൽ നൽകുന്നത്. ഇതോടൊപ്പം വൈവിധ്യമാർന്ന സേവനങ്ങളിലൂടെ പുതിയ ബിസിനസ് മേഖലകൾ വ്യാപിപ്പിച്ചും വരുമാനം വർധിപ്പിക്കും. രാജ്യത്ത് നിലവിൽ 1.6 ലക്ഷം പോസ്റ്റ് ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ട്. ഇവയിൽ സ്വന്തമായുള്ള കെട്ടിടങ്ങളിൽ ഓഫീസ് പ്രവർത്തനം ഒഴിച്ചുള്ള ഭാഗങ്ങളിലെ റിയൽ എസ്റ്റേറ്റ് സാധ്യതകൾ തിരിച്ചറിഞ്ഞ് വാണിജ്യപരമായി ലാഭം ലഭിക്കുന്നവ ദീർഘകാല അടിസ്ഥാനത്തിൽ പാട്ടത്തിന് നൽകാനാണ് തീരുമാനം.
മാത്രമല്ല വകുപ്പിന് സ്വന്തമായി ഭൂമിയുള്ള പ്രദേശങ്ങളിൽ താഴത്തെ നിലയിൽ പോസ്റ്റ് ഓഫീസ് മന്ദിരം സ്ഥാപിച്ച് ബാക്കി സ്ഥലത്ത് ബഹുനില കെട്ടിടങ്ങൾ നിർമിച്ച് പാട്ടത്തിന് നൽകാനും പദ്ധതിയുണ്ട്.
ഇതിന്റെ ഭാഗമായി തപാൽ വകുപ്പ് തങ്ങളുടെ സ്വത്തുക്കളുടെ പട്ടിക തയാറാക്കുന്നത് ആരംഭിച്ച് കഴിഞ്ഞു. ഉടമസ്ഥാവകാശ രേഖകൾ പരിശോധിച്ച് ഇതിൽ വാണിജ്യ സാധ്യത കൂടുതലുള്ളവയുടെ പ്രത്യേക ലിസ്റ്റും തയാറാക്കും. തപാൽ വകുപ്പിന്റെ പ്രതിവർഷ ചെലവ് 27, 000 കോടി രൂപയാണ്. 12,000 കോടി രൂപ മാത്രമാണ് വരുമാനമായി ലഭിക്കുന്നത്.
സേവന വിപുലീകരണം, സാങ്കേതികവിദ്യ നവീകരണം, ആസ്തികളിലൂടെ അധിക ധനസമ്പാദനം എന്നിവയിലൂടെ ഈ അന്തരം ഇല്ലാതാക്കാനാണ് വകുപ്പ് ലക്ഷ്യമിടുന്നത്.
എക്സ്പ്രസ് പാർസൽ ഡെലിവറി, ആധാർ എൻറോൾമെന്റ്, പാസ്പോർട്ട് സൗകര്യം, മ്യൂച്ചൽ ഫണ്ട് വിതരണം അടക്കമുള്ള സേവനങ്ങൾ രാജ്യത്തെ എല്ലാ പോസ്റ്റ് ഓഫീസുകളിലും ലഭ്യമാക്കും. ഇതിനായി സർക്കാർ-സ്വകാര്യ ഏജൻസികളുമായി കൂടുതൽ പങ്കാളിത്ത കരാറുകളിൽ ഏർപ്പെടാനും വകുപ്പിന് പദ്ധതിയുണ്ട്.